അടൂരിനോടൊപ്പം .... (എന്റെ ചില ഡയറിക്കുറിപ്പുകള്‍)
അടൂരിനോടൊപ്പം ....
(എന്റെ ചില ഡയറിക്കുറിപ്പുകള്‍)
വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ്..അതായതു എനിക്കൊരു സര്‍ക്കാര്‍ ജോലിയൊക്കെ കിട്ടി തലസ്ഥാന നഗരിയില്‍ താമസമാക്കിയ കാലഘട്ടത്തില്‍. പീ എസ് സീ ടെസ്റ്റ് എഴുതി ഞാന്‍ ആദ്യം ജോലിക്ക് കയറിയത്(1976 ഫെബ്രുവരിമാസം) ക്ഷീര വികസന വകുപ്പില്‍ ആണ്.അവിടെ എന്നോടൊപ്പം ഏങ്ങണ്ടിയൂര്‍ കാരന്‍ സത്യവ്രതന്‍, കടമ്പനാട്ടുകാരി സുമതി, കിളിമാനൂര്‍കാരന്‍ ശാരങ്ങധരന്‍ എന്നിവരും ജോലിക്ക് ചേര്‍ന്നിരുന്നു.താമസം പട്ടം ഡയറിയുടെ സമീപത്തില്‍ തന്നെയുള്ള എല്‍ ഐ സീ ഉധ്യോഗസ്തനയിരുന്ന ഒരു ഭാസ്കരേട്ടന്റെ വാടക വീട്ടില്‍.
ഞാനും സത്യവ്രതനും, പിന്നെ ഒരു ശിവന്‍കുട്ടിയും (ശൂരനാട്ടുകാരന്‍). പുള്ളിക്കാരന്‍ മെഡിക്കല്‍ കോളേജില്‍ ഒരു കോഴ്സിനു ചേര്‍ന്ന് പഠിക്കുന്നു.ഭാസിചെട്ടന്റെ വാടക വീട്ടിലെ താമസത്തിനിടയിലാണ് ഞാന്‍ പാചക കലയുടെ ആദ്യ പാഠങ്ങള്‍ പഠിച്ചത്.അരിയും, കറിയും വെച്ച് ഞങ്ങള്‍ കുറെ നാള്‍ ജോലിയും ജീവിതവുമായി അവിടെ കൂടി .ഇടയ്ക്ക് എപ്പോഴോ ശിവന്‍ കുട്ടിയുടെ അനിയന്‍ ചന്ദ്രന്‍കുട്ടി, സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ചേട്ടനെ കാണാന്‍ ഒരിക്കല്‍ വന്നതും സത്യവ്രതന്‍ പയ്യനെയും കൂട്ടി മ്യൂസിയം കാഴ്ച ബംഗ്ലാവ് കാണിക്കാന്‍ കൊണ്ട് പോയതും അവിടെ നിന്നും ഐസ് ക്രീമും മറ്റും മേടിച്ചു കൊടുത്തതും ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു.
ആ ചന്ദ്രന്‍ കുട്ടി ഇന്ന് മൃഗ സംരക്ഷണ വകുപ്പിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആയി ജോലി ചെയ്തു വരുന്നു. ശിവന്‍ കുട്ടി പഠനത്തിനു ശേഷം മെഡിക്കല്‍ കോളേജില്‍ തന്നെ ജോലിക്ക് ചേര്‍ന്ന് ലീവ് എടുത്തു ഗള്‍ഫില്‍ പോയി, സമ്പന്നനായി, ഇപ്പോള്‍ ശൂരനാട്ട് തന്നെ വീട് വച്ച് സുഖമായി കഴിയുന്നു. ഒരു വര്‍ഷത്തോളം ഞാന്‍ ക്ഷീരവികസനവകുപ്പില്‍ ജോലി ചെയ്തു. വീണ്ടും നേരത്തെ എഴുതിയ ഒരു പീ എസ് സീ ടെസ്റ്റസ്റ് മുഖേന എനിക്ക് വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബൂറോയില്‍ ഗുമസ്തനായി ജോലി കിട്ടി.സത്യവ്രതനെ ഡയറിയില്‍ ആക്കി ഞാന്‍ അഴിമതി നിരോധന വകുപ്പില്‍ സ്ഥാനമേറ്റു.
സത്യവ്രതന്‍ പിന്നീട് ഡയറിയില്‍ ബിരുദം എടുത്തു അസി:ഡയറക്ടര്‍ ആയി സ്ഥാനകയറ്റം കിട്ടി സ്വന്തം നാടായ തൃശ്ശൂരിലേക്ക് മാറിപ്പോകുകയും വിരമിച്ചതിനു ശേഷം എങ്ങണ്ടിയൂരില്‍ സ്ഥിര താമസ്സം ആക്കുകയും ചെയ്തു .37 വര്‍ഷങ്ങള്‍ ആയി ഞാന്‍ ഇപ്പോഴും സത്യവ്രതനുമായി ഊഷ്മളമായ സൌഹൃദം കാത്തു സൂക്ഷിക്കുന്നു എന്നത് വലിയ സന്തോഷം തന്നെ ആണ്.nnn
വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ ഡയറക്ടറേറ്റില്‍ ഗുമസ്തനായി ഞാന്‍ ജോലിക്ക് ചേര്‍ന്നത് 1977 ജനുവരിയില്‍ ആണ് എന്നാണ് എന്റെ ഓര്‍മ്മ. അഴിമതി നിരോധന വകുപ്പിലെ ജോലി ഒരു പുതിയ അനുഭവം തന്നെ ആയിരുന്നു എനിക്ക്.പോലീസ് വകുപ്പിലെ ഒരു ഡീ ജീ പിയുടെ കീഴിലായിരുന്നുഅഴിമതി നിരോധന വകുപ്പ് ഭരണം. ഉദ്യോഗസ്തന്മാര്‍ ഭൂരിഭാഗവും പോലീസ് വകുപ്പില്‍ നിന്നും വന്നവര്‍. ഗുമസ്ഥന്മാര്‍ അടങ്ങുന്ന ഞങ്ങള്‍ കുറച്ചു പേര്‍ മാത്രം ഉണ്ടായിരുന്നു ഡയറക്ടറേറ്റില്‍ പോലീസ് വകുപ്പില്‍ പെടാത്തവര്‍.
ഡീ ജീ പി റാങ്കില്‍ ഉള്ള പ്രഗല്ഭനും, എഴുത്തുകാരനുമായ ശ്രീ എം കെ ജോസഫ് ആയിരുന്നു അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍. പ്രസിദ്ധനായിരുന്ന ശ്രീ ജയറാം പടിക്കല്‍ അന്ന് അവിടെ ഡീ ഐ ജി യായി ജോലി ചെയ്തിരുന്നു.പോലീസ് ഉധ്യോഗസ്ഥന്മാരോടും ഞങ്ങള്‍ നല്ല സൌഹൃദത്തില്‍ തന്നെ ആയിരുന്നു..അവിടെയും കുറെ നല്ല സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു എനിക്ക്.
ഉച്ചക്ക് ഊണിനു ശേഷം കാരംസ് കളി അവിടെ സ്ഥിരം പരിപാടിയായിരുന്നു. ജയമോഹന്‍ രാജ് , ഷാഹുല്‍ ഹമീദ്, കരുണാകരന്‍, ശശി, കാലടിയിലെ ചന്ദ്രശേഖരന്‍ അങ്ങനെ ഞങ്ങള്‍ ഒരു സ്ഥിരം ടീം ഉണ്ടായിരുന്നു.എന്റെ സുഹൃത്ത് ജയമോഹന്‍ രാജും, ചന്ദ്രശേഖരനും കരുണാകരനും ഇന്ന് ജീവിച്ചിരുപ്പില്ല എന്നത് എന്റെ ഹൃദയത്തില്‍ ഒരു വിങ്ങല്‍ ഉണ്ടാക്കുന്നുണ്ട് .
പൂജപ്പുരക്കാരന്‍ ഷാഹുല്‍ ഹമീദ് നല്ല ഒരു ഗായകന്‍ കൂടി ആയിരിന്നു.ഞാന്‍ പുള്ളിയെ നിര്‍ബന്ധിച്ചു യേശുദാസ്സിന്റെ പാട്ടുകള്‍ പാടിക്കുമായിരുന്നു.പാപ്പനംകോട് രമ എന്ന മൂസിക് ടീച്ചര്‍ ആയിരുന്നു ഷാഹുല്‍ ഹമീദിന്റെ പ്രിയ പത്നി. ഇന്ന് ഒരു പക്ഷെ രമയെയും ഷാഹുല്‍ ലിനെയും പലരും അറിയില്ല..പേരും മാറി ആളും മാറി. കാരണം അവരുടെ മകന്‍ നജീം ഇര്‍ഷാദ് ടീ വി യിലെ ഒരു റിയാലിറ്റി ഷോയില്‍ കൂടി ചലച്ചിത്ര ഗാനാലാപനത്തില്‍ ഒന്നാം സ്ഥാനം നേടുകയും കൊച്ചിയില്‍ ഒരു ഫ്ലാറ്റ് സ്വന്തം ആക്കുകയും ചെയ്തു എന്നത് പില്‍കാല ചരിത്രം.ഇന്നു നജീം ഇര്‍ഷാദ് ചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന ഒരു പിന്നണി ഗായകന്‍ ആണ്.
വിജിലന്‍സ് വകുപ്പില്‍ ജോലി ചെയ്തിരുന്ന കാലഘട്ടത്തില്‍ ഞാനും എന്റെ വളരെ അടുത്ത സുഹൃത്ത് അയ തൃക്കൊടിത്താനം ചന്ദ്ര മോഹനനും മറ്റു സുഹൃത്തുക്കളും മുന്‍ കൈ എടുത്തു വിജിലന്‍സ് ഡിപാര്‍ട്ട്മെന്റ് മിനിസ്ടീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ എന്ന ഒരു സംഘടന ഉണ്ടാക്കുകയും ചന്ദ്രമോഹന്‍ സെക്രെടറിയറ്റില്‍ ജോലി സ്വീകരിച്ചു പോകുന്നത് വരെ അതിന്റെ സെക്രെട്ടറിയും ആയിരുന്നു.പിന്നീട് ഞാന്‍ അസോസിയേഷന്റെ സെക്രട്ടറി ആയും സ്റ്റാഫ് കൌണ്‍സില്‍ സെക്രട്ടറി ആയും പ്രവര്‍ത്തിച്ചു1984 മെയ് മസ്സത്തില്‍ ധനകാര്യ വകുപ്പില്‍ ജോലിക്ക് ചേരുന്നത് വരെ.
മൂന്നുദശാബ്ദത്തിലധികമായി ചന്ദ്രമോഹനും ഞാനും ഊഷ്മളമായ സൌഹൃദം കാത്തു സൂക്ഷിക്കുന്നു എന്നതും ഞാന്‍ ഇവിടെ എടുത്തു പറയുന്നു. 1980ല്‍ എനിക്ക് പീ എസ് സീ വഴി ലോക്കല്‍ ഫണ്ട് ഓഡിറ്റര്‍ ആയി നിയമനം ലഭിച്ചു, പക്ഷെ പാലക്കാട് പോസ്റ്റ് ചെയ്തത് കൊണ്ട് ഞാന്‍ ജോലിക്ക് പോകാന്‍ മടിച്ചു.വീണ്ടും എന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് വെള്ളാനിക്കര കാര്‍ഷിക സര്‍വ്വകലാശാല ഓഡിറ്റ് വിഭാഗത്തില പോസ്റ്റ് ചെയ്തു.എന്നിട്ടും പ്രൊമോഷന്‍ സാധ്യത കൂടുതല്‍ ഉള്ള ജോലിയില്‍ ഞാന്‍ പ്രവേശിച്ചില്ല എന്നത് എന്റെ മാത്രം ഒരു വിഡ്ഢിത്തം ആയിരുന്നു. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിങ്ങില്‍ ജോലിയില്‍ ചേര്‍ന്ന പലരും പില്‍കാലത്ത് വകുപ്പ് മാറ്റം നടത്തി ഹജൂര്‍ കച്ചേരിയില്‍ (സെക്രട്ടറിയേറ്റ്റ്റിന്റെ പഴയ പേര്) ജോലിക്ക് ചേര്‍ന്നു. ഞാന്‍ വീണ്ടും അടുത്ത പീ എസ് സീ ടെസ്റ്റ് എഴുതി 4 വര്‍ഷങ്ങള്‍ക്കു ശേഷം ഹജൂര്‍ കച്ചേരിയില്‍ തന്നെ ധനകാര്യ വകുപ്പില്‍ ജോലിക്ക് ചേര്‍ന്നെങ്കിലും എനിക്ക് മുന്‍പ് അവിടെ ജോലിക്ക് ചേര്‍ന്ന എന്റെ സുഹൃത്തുക്കള്‍ എല്ലാം ഏറ്റവും ഉയര്‍ന്ന പദവിവരെ എത്തി വിരമിച്ചപ്പോള്‍ എനിക്ക് അത്രയും ഉയര്‍ന്ന പദവിയില്‍ എത്താന്‍ സാധിച്ചില്ല എന്നത് എന്റെ സ്വകാര്യ ദുഖവും പില്‍കാല ചരിത്രവും ആണ്.
ഞാനും തൃക്കൊടിത്താനം ചന്ദ്രമോഹനും അസോസിയേഷന്‍ ഭാരവാഹികള്‍ ആയിരുന്ന കാലഘട്ടത്തില്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തിന്റെ ജോലിഭാരം കുറയ്ക്കുന്നതിനും വകുപ്പ് പുന സംഘടിപ്പിക്കുന്നതിനും വിശധമായ നിര്‍ദേശം അന്ന് അഭ്യന്തര മന്ത്രിയായിരുന്ന ശ്രീമതി ഗൌരിയമ്മയ്ക്ക് സമര്‍പ്പിക്കുകയും നിര്‍ദേശങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കാന്‍ മന്ത്രി പിന്നീട് തീരുമാനിക്കുകയും ചെയ്തു എന്നത് ഈ അവസ്സര്തില്‍ ഞാന്‍ ഓര്‍ക്കുന്നു.അഴിമതി നിരോധന വകുപ്പ് പില്‍കാലത്ത് വികസ്സിക്കുകയും പീ എം ജീ പ്ലാമൂട് റോഡില്‍ വാടകയ്ക്ക് പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് വികാസ് ഭവന് സമീപമുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.
കഴിഞ്ഞ ദിവസ്സം വിജിലന്‍സ് & ആന്റി കറക്പ്ഷന്‍ ബ്യൂറോയുടെ സുവര്‍ണ്ണ ജൂബിലി കൊണ്ടാടുകയുണ്ടായി. സെമിനാറുകളിലോ യോഗങ്ങളിലോ പഴയ കാലത്തേ വകുപ്പിന്റെ പ്രവര്‍ത്തനമോ ഇപ്പോഴത്തെ വകുപ്പിന്റെ സൌകര്യങ്ങളോ അതിനു വഴി വച്ച പഴയ കാലത്തെ ഉധ്യോഗസ്ഥന്മാരെ സ്മരിക്കുക പോലും ഉണ്ടായോ എന്നറിയില്ല. സിബി മാത്യൂസ് എന്ന വിവരാവകാശ കമ്മീഷണര്‍, അദ്ദേഹം ഈ വകുപ്പിന്റെ തന്നെ മുന്‍ ഡയറക്ടര്‍ കൂടി ആയിരുന്നു, വിജിലന്‍സ് & ആന്റി കറക്പ്ഷന്‍ ബ്യൂറോ "കൂട്ടിലടച്ച ഒരു തത്തയാണെന്ന്" സുവര്‍ണ്ണ ജൂബിലി യോടനുബന്ധിച്ച സെമിനാറില്‍ അഭിപ്രായപ്പെട്ടതായി വായിച്ചു.
വീ സുബ്രമണ്യന്‍ എന്ന ഒരു ഡീ ജീ പി ഈ വകുപ്പിന്റെ തലവനായി 80 തുകളില്‍ ജോലി ചെയ്തിരുന്നു. അന്ന് എത്ര ചങ്കൂറ്റതോടെയാണ്, രാഷ്ട്രീയക്കാരുടെ ഒരു ശുപാര്‍ശയും സ്വീകരിക്കാതെ, നീതി പൂര്‍വ്വം ഈ വകുപ്പ് അദ്ദേഹം ഭരിച്ചിരുന്നത് എന്ന കാര്യം സിബി മാത്യൂസ് ഒരു പക്ഷെ സൌകര്യപൂര്‍വ്വം മറന്നു പോയതായിരിക്കും.
ശ്രീ വീ സുബ്രമണ്യന്‍ ഡീ ജീ പി ആയി ജോലി ചെയ്തിരുന്ന സമയത്ത് രസകരമായ ഒരു സംഭവംഉണ്ടായി. ഒരു ദിവസം ടെലിഫോണില്‍ക്കൂടി താന്‍ ലേറ്റ് ആയി വരുമെന്ന കാര്യം ഡ്യൂട്ടി ഓഫീസറെയും മാനേജര്‍ ശ്രീ രാജഗോപലനെയും അറിയിക്കണം എന്ന് നിര്‍ദേശിച്ചു.നിര്‍ഭാഗ്യം കൊണ്ട് ഫോണ്‍ അറ്റന്‍ഡ് ചെയ്തത് ഞാന്‍ ആയിരുന്നു. എന്തോ ഞാന്‍ ഈ കാര്യം പറയാന്‍ വിട്ടു പോയി.ഓഫീസില്‍ വന്ന ശ്രീ വീ സുബ്രമണ്യന്‍ എന്നോട് വിശദീകരണം ആരാഞ്ഞു. ഞാന്‍ ഒരു വിശദീകരണം എഴുതി നല്‍കി. എന്റെ വിശദീകരണം സ്വീകരിച്ചു എനിക്ക് ഒരു താക്കീതും നല്‍കി അദേഹം.ഇതിന്റെ രസം ഇവിടെ തീരുന്നില്ല.പിന്നീട് ഓഫീസില്‍ ക്രൈം സെക്ഷനില്‍ ഒരു നല്ല ഗുമസ്തനെ പോസ്റ്റ് ചെയ്യാന്‍ അദ്ദേഹം പറ്റിയ ഒരാളെ അന്വേഷിച്ചു.നറുക്ക് വീണത് എനിക്കാണ്.കാരണമോ..ഞാന്‍ അന്ന് എഴുതി നല്‍കിയ വിശദീകരണവും അതിലെ എന്റെ അത്ര മോശമല്ലാത്ത കൈപ്പടയും ശ്രീ സുബ്രമണ്യത്തിനു വളരെ ഇഷ്ടപ്പെട്ടു എന്നത് തന്നെ..
ഡയറക്ടറേറ്റിലെ ക്രൈം സെക്ഷന്റെ ചാര്‍ജു ധനകാര്യവകുപ്പിലേക്ക് പുതിയ ജോലി സ്വീകരിച്ചു പോകുന്നത് വരെ എനിക്ക് തന്നെ ആയിരുന്നു. ഒരിക്കല്‍ സ്റ്റാഫ് കൌണ്‍സില്‍ സെക്രട്ടറി ആയിരുന്ന സമയത്ത് ഓഫീസില്‍ ശമ്പളം ബഹിഷ്കരിച്ചു ഒരു സമര പരിപാടി നടത്തുന്നതിന് മുന്നറിയിപ്പ് നല്കാന്‍ അദേഹത്തെ കണ്ടു വിവരം പറഞ്ഞു.ശക്തമായ നടപടി എടുക്കും എന്ന് ശ്രീ വീ സുബ്രമണ്യന്‍ എന്നെ അറിയിച്ചു.ഏതായാലും ഞങ്ങള്‍ ശമ്പളം ബഹിഷ്കരിച്ചു. പക്ഷെ അതിന്റെ പേരില്‍ അദേഹം മറ്റു നടപടികള്‍ ഒന്നും തന്നെ ഞങ്ങള്‍ക്കെതിരായി കൈകൊണ്ടില്ല.
പിന്നീട് അദേഹം 6 മാസത്തോളം നിയമ സമാധാനത്തിന്റെ ചുമതലയുള്ള ഡീ ജീ പി ആയി ചുമതല ഏറ്റു. ഈ കാലഘട്ടത്തില്‍ സംസ്ഥാനത്തെ നിയമ പരിപാലനം വളരെ നീതിപൂര്‍വമായി, സമ്മര്‍ദ്ദങ്ങള്‍ക്കതീതമായി നടത്തി എന്നത് ഇന്നത്തെ പോലീസ് വകുപ്പോ രാഷ്ട്രീയക്കാരോ ഒരു പക്ഷെ ഓര്‍ക്കുന്നുണ്ടാവില്ല. വിരമിച്ചതിനു ശേഷം ശ്രീ വീ സുബ്രമണ്യന്‍ കുടുംബ സമേതം ബംഗ്ലൂരിലേക്ക് സ്ഥിരതാമസ്സത്തിനു പോകുകയും ചെയ്തു.ക്രമ സമാധാന പരിപാലനത്തിലും വിജിലന്‍സ് വകുപ്പ് ഭരിക്കുന്നതിലും മാതൃക പരമായ സേവനം ചെയ്ത ശ്രീ വീ സുബ്രമണ്യനെ ഞാന്‍ ഈ അവസ്സരത്തില്‍ ബഹുമാനത്തോടെ സ്മരിച്ചു പോകുന്നു.
വിജിലന്‍സ് വകുപ്പില്‍ ജോലി ചെയ്യുന്ന സമയത്ത് ഞാന്‍ പട്ടം പ്ലാമൂട് ജംഗ്ഷനടുത്തുള്ള ബാലയ്യന്റെ ലോഡ്ജിലേക്ക് മാറിയിരുന്നു. സ്വയം പാചകം അവിടെ അനുവധിച്ചിരുന്നില്ല. അത് കൊണ്ട് രാവിലെ ജംക്ഷനിലെ ഹോട്ടലില്‍ നിന്നുംആയിരുന്നു പ്രഭാത ഭക്ഷണം, ചായ മുതലായവ. ഉച്ചക്ക് പീ എം ജീ ജംക്ഷനില്‍ ഉണ്ടായിരുന്ന അമ്പലപാട്ട് അല്ലെങ്കില്‍ ശ്രീകൃഷ്ണ ഹോട്ടലില്‍ നിന്നും ഉച്ചയൂണും.വൈകിട്ട് വായി നോക്കി നടക്കുമ്പോള്‍ സ്റ്റാച്യുവിലെ അസാദ് ഹോട്ടല്‍ അല്ലെങ്കില്‍ ഇന്ത്യന്‍ കോഫി ഹൌസില്‍ ന്നിന്നും അതുമല്ലെങ്കില്‍ സിനിമ കാണാന്‍ തമ്പാനൂര്‍ ശ്രീ കുമാര്‍ തിയേറ്റര്‍റില്‍ പോകുമ്പോള്‍ അവിടെയുള്ള തട്ടുകടയില്‍ നിന്നും രാത്രി ഭക്ഷണം . ആയിടയ്ക്ക് എന്റെ അളിയന്‍ തങ്കച്ചനും സഹോദരി കുഞ്ഞുമോളും കുടുംബവും പ്ലാമൂടില്‍ സ്ഥലം മേടിച്ചു വീട് പണി തുടങ്ങിയത്. xxxx
ആയിടെ ഒരു സുഹൃത്ത് എനിക്ക് സെന്റിന് 500 രൂപ നിരക്കില്‍ വീട് വയ്ക്കാന്‍ 5 സെന്റ് സ്ഥലം വില്‍ക്കാന്‍ തയ്യാര്‍ ആയിരുന്നു..അന്ന് പ്രതിമാസം 325 ശമ്പളം മേടിച്ചു കൊണ്ടിരുന്ന എനിക്ക് വീട് വയ്ക്കാന്‍ സ്ഥലം മേടിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. ഈയിടെ എന്റെ ഒരു അനന്തരവളുടെ പ്ലാമൂട് ഉള്ള സ്ഥലം സെന്റിന് 10 ലക്ഷം രൂപയ്ക്ക് വില്‍പ്പന നടന്നു എന്ന് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. എന്റെ അളിയന്‍ തങ്കച്ചന് ഐ എസ് ആര്‍ ഓ യില്‍ ആയിരുന്നു ജോലി.
വലിയ സ്വപ്നങ്ങളുമായി തലസ്ഥാന നഗരിയില്‍ ജീവിതം ആരംഭിച്ച ഒരു നല്ല മനുഷ്യന്‍.അവര്‍ വീട് വച്ചതിനു ശേഷം ഞാന്‍ പലപ്പോഴും ആ വീട്ടിലെ നിത്യ സന്ദര്‍ശകന്‍ ആയിരുന്നു..ജോലിയൊക്കെ കഴിഞ്ഞു ലോഡ്ജില്‍ എത്തി നടക്കാന്‍ പോയി തിരിച്ചു വരുമ്പോള്‍.കുഞ്ഞുമോള്‍ സ്നേഹത്തോടെ എനിക്ക് തയ്യാറാക്കി തന്നിരുന്ന രാത്രി ഭക്ഷണവും അവളുടെ സ്നേഹവും, സാഹോദര്യവും ഇന്നും ഞാന്‍ ഓര്‍ക്കുന്നു.തങ്കച്ചന് 3 പെണ്‍കുട്ടികളും 1 മകനും .പില്‍കാലത്ത് തങ്കച്ചനും കുടുംബവും അമേരിക്കയിലേക്ക് കുടിയേറിയതും ടെക്സാസ് നഗരത്തില്‍ അവരുടെ സ്വന്തം സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയതും രണ്ടു ദശാബ്ദങ്ങള്‌ള്‍ക്ക് മുന്‍പ് ഒരിക്കല്‍ കറുത്ത വര്‍ഗക്കാരനായ ഒരു യുവാവ് സൂപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിക്കാന്‍ ശ്രമിച്ചതും എതിര്‍ക്കാന്‍ ശ്രമിച്ച എന്റെ അളിയനെയും സഹോദരിയും വെടി വെച്ച് കൊന്നതും അവരുടെ ജീവിതത്തിലെ ഏറ്റവും കറുത്ത ഏടുകള്‍ ആയി അവശേഷിക്കുന്നു. അവരുടെ വേര്‍പാട് എനിക്ക് ഇന്നും ദുഖത്തോടെ മാത്രമേ സ്മരിക്കാന്‍ കഴിയൂ.അവരുടെ പെണ്മക്കള്‍ എല്ലാം തന്നെ ഇന്ന് ഹൂസ്റ്റണ്‍ നഗരത്തില്‍ നല്ല നിലയില്‍ജീവിക്കുന്നു. ഇടക്കൊക്കെ നാട്ടില്‍ വരുമ്പോള്‍ ഞങ്ങള്‍ തമ്മില്‍ കാണാറുണ്ട് സ്നേഹം പങ്കിടാറുണ്ട്.
തങ്കച്ചന്റെ മൂത്ത മകള്‍ റെജിമോള്‍ മിക്കവാറും എല്ലാ വര്‍ഷവും ബോംബയിലെയും തിരുവനന്തപുരത്തെയും സ്വന്തം ഫ്ലാറ്റില്‍ താമസ്സത്തിനു വരുമ്പോള്‍ ഞങ്ങള്‍ കാണാറുണ്ട് സ്നേഹം പങ്കിടാറുണ്ട് കഴിഞ്ഞ ആഴ്ചയും അവള്‍ അടൂര്‍ വഴി വന്നപ്പോള്‍ എന്നെ വിളിച്ചിരുന്നു.നാടന്‍ ഭക്ഷത്തിന്റെ രുചി അന്വഷിച്ചാണ് ഞങ്ങള്‍ അന്ന് അടൂരോക്കെയും തിരഞ്ഞത്.രാത്രി വളരെ ഏറെ ചെന്നതിനാല്‍ നാടന്‍ രുചി അന്വഷിച്ച് അധികദൂരം പോകാന്‍ പറ്റിയില്ല. പിന്നെ ബൈ പാസ് റോഡിലുള്ള കൈരളി ഹോട്ടലില്‍ നിന്നും വെള്ളയപ്പവും കരിമീന്‍ പൊരിച്ചതും ഒരുമിച്ചു കഴിച്ചാണ് അന്ന് യാത്ര പറഞ്ഞു പിരിഞ്ഞത്.പ്ലാമൂട് ലോഡ്ജിലെ എന്റെ ജീവിത കഥകള്‍ ഞാന്‍ മറ്റൊരവസ്സരത്തില്‍ വിസ്തരിക്കാം.
വിജിലന്‍സ് വകുപ്പില്‍ ജോലി ചെയ്യുന്ന അവസ്സരത്തില്‍ ആയിരുന്നു എന്റെ വിവാഹം. 1978 ഡിസംബര്‍ മാസം 31നു എന്റെ ഇടവക ആയ കടമ്പനാട് സെന്റെ തോമസ് ഓര്‍ത്തഡോക്‍സ് കത്തീഡ്രല്‍ലില്‍ വെച്ച്. ഭാര്യ ഓടനാവട്ടം പരുത്തിയറ മലയില്‍ പുത്തന്‍പുരയില്‍ പീ ഓ ജോര്‍ജിന്റെ ഏക മകള്‍ മോളികുട്ടി.
വെള്ളത്തൂവല്‍ കെ എസ് ഈ ബി യിലെ ഫോര്‍മാന്‍ ഉദ്യോഗത്തില്‍ നിന്നും 1973 ല്‍ അപ്പച്ചി (അപ്പച്ചന്‍) പിരിഞ്ഞതിനു ശേഷം ഞങ്ങള്‍ മൂന്നു സഹോദരന്മാരും ഒരു സഹോദരിയും അമ്മച്ചിയും അടങ്ങുന്ന ഞങ്ങളുടെ കുടുംബം അമ്മച്ചിയുടെ വക നാലു തുണ്ടില്‍ വിളയിലെ തെങ്ങിന്‍ തോപ്പ് വിറ്റതിനുശേഷം ഇ എസ ഐ ജംഗ്ഷനു സമീപമുള്ള വസ്തുവും വീടും വാങ്ങി സ്ഥിര താമസം ആരംഭിച്ചിരുന്നു.എന്റെ സ്കൂള്‍ വിദ്യാഭ്യാസം വെള്ളത്തൂവല്‍ സര്‍ക്കാര്‍ ഹൈസ്കൂളിലും കോളേജ് വിദ്യാഭ്യാസം ആലുവ യൂ സീ കോളേജ്, കോതമംഗലം മാര്‍ അത്താനെഷിയസ്
എന്നിവിടങ്ങളില്‍ ആയിരുന്നു. എന്റെ ബാല്യകാലസഖി ആയിരുന്ന ആലിസ് കുട്ടി, ഹൈ സ്കൂള്‍ ജീവിതം, കോളേജ് ജീവിതം, വെള്ളത്തൂവല്‍ കെ എസ ഈ ബി ക്വാര്‍ട്ടര്‍സിലെജീവിത സ്മരണകളും ഞാന്‍ പിന്നീട് ഒരിക്കല്‍ പങ്കു വയ്ക്കാം.
വിവാഹ ശേഷം കുറച്ചു നാള്‍ കടമ്പനാട്ടെ വീട്ടില്‍ തന്നെ ഞാനും എന്റെ ഭാര്യ മോളി കുട്ടിയും താമസിച്ചു വന്നു.പിന്നീട് ഞാന്‍ കേശവദാസപുരത്ത് എന്‍ എസ പീ ലയിനില്‍ ഒരു അമ്മച്ചിയുടെ വീടിന്റെ ഭാഗം വാടകയ്ക്ക് എടുത്തു മൂത്ത മോള്‍ ധന്യയും ഇളയ മോള്‍ ദിവ്യയുമായി താമസം തുടങ്ങി. തലസ്ഥാന നഗരിയിലെ ഞങ്ങളുടെ ആദ്യത്തെ വാടക വീട്.ഞങ്ങളുടെ ജീവിതത്തില്‍ വാടക വീടുകള്‍ വീണ്ടും ഞങ്ങള്‍ പലതും മാറി.അവസാനം പീ എം ജീ ജംക്ഷനിലെ, നേതാജി നഗര്‍ ഡി ടൂ എ (D2A) ക്വാര്‍ട്ടര്‍സില്‍ ആയിരുന്നു സ്ഥിര താമസം, സര്‍വിസ്സില്‍ നിന്നും വിരമിക്കുന്നത് വരെ. വാടക വീടുകളിലെ താമസ്സവും,വിജിലന്‍സ് & ആന്റി കറക്പ്ഷന്‍ ബൂറോയില്‍ ജോലി നോക്കി വരവേ 80-തുകളില്‍ ജീവിതത്തില്‍ ആദ്യമായിഞാന്‍ ഒരു വാഹനം, (ഓട്ടോ റിക്ഷ-KLY 4045) സ്വന്തമാക്കിയതും അത് വാങ്ങിയതിനു ശേഷം ഉണ്ടായ പുകിലുകളും പിറ്റേവര്‍ഷം തന്നെ ആ വണ്ടി വില്‍ക്കേണ്ടി വന്നതിന്റെയും മറ്റും അനുഭവങ്ങളും കഥകളുംഞാന്‍ പിന്നീടൊരിക്കല്‍ പങ്കു വയ്ക്കാം, വിശദമായി . zzzzzzz
സിനിമ ചെറുപ്പത്തില്‍ തന്നെ എന്റെ ഒരു ഫാന്റസി ആയിരുന്നു.ഒരു ഫിലിം ഡയറക്ടര്‍ ആകണമെന്ന് ഞാന്‍ വളരെ ആഗ്രഹിച്ചിരുന്നു, പുറത്തു പറഞ്ഞില്ലെങ്കിലും. സ്കൂള്‍, കോളേജ് വിദ്യഭ്യാസകാലഘട്ടത്തിലും സിനിമ മോഹങ്ങള്‍ ഞാന്‍ കൊണ്ട് നടന്നിരുന്നു.വെള്ളത്തൂവലിലെ വിജയ ടാകീസ്സില്‍ കമല ഹാസന്‍ ബാല നടനായി അഭിനയിച്ച "കണ്ണും കരളും" എന്ന സിനിമ കാണാന്‍ വീട്ടില്‍ നിന്നും അനുവാദവും, ടിക്കറ്റ് മേടിക്കാന്‍ ഉള്ള പണവും സംഘടിപ്പിച്ചു സഹോദരന്മാരോടൊപ്പം നട്ടുച്ചയ്ക്ക്, വിജയ ടാകീസ് നില്‍ക്കുന്ന ഒരു വലിയ മലയിലേക്ക് കിതച്ചു കിതച്ചു ഓടിക്കയറിയതും വെള്ളിത്തിരയില്‍ സിനിമയുടെ രംഗങ്ങള്‍ വന്നു മറയുന്നത് കണ്ടപ്പോള്‍ ഉണ്ടായ ഒരു സന്തോഷവും സംതൃപ്തിയും ഇന്നത്തെ തലമുറയോട് പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാകുമോ എന്തോ?
പിന്നീടു ആലുവ യൂ സീ കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ അവിടുത്തെ സീനത്ത് തിയേറ്റര്‍ എന്റെ ഓര്‍മയില്‍ ഉണ്ട്.ഇപ്പോള്‍ ആ തിയേറ്റര്‍ ഉണ്ടോ എന്നറിയില്ല.ഒരിക്കല്‍ "നദി" സിനിമയുടെ ഷൂട്ടിംഗ് ആലുവ പെരിയാറിന്റെ തീരത്ത് നടക്കുമ്പോള്‍ നിത്യവസന്തം
ആയിരുന്ന പ്രേംനസ്സീറിനെയും ഷീലയെയും കാണാന്‍ ആലുവ മണല്‍പുറത്തു ഓടിയെത്തിയത് ഇപ്പോഴും മറന്നിട്ടില്ല. പീ ഡീ സിക്ക് രണ്ടു വര്‍ഷം(67-69)ആലുവ യൂ സീ കോളേജില്‍ പഠിച്ചു.. ടാഗോര്‍/ഹോളണ്ട് ഹോസ്റ്റലില്‍ താമസ്സം.കണ്ട സിനിമകളും മറ്റും ഇപ്പോള്‍ ഓര്‍മയില്ല. അവിടെ ഹോസ്റ്റലില്‍ അല്പം നിയന്ത്രണങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു സിനിമയ്ക്ക് പോകുന്നതിനും മറ്റും..പീ ഡീ സീ ഫസ്റ്റ് ഗ്രൂപ്പ് തേര്‍ഡ് ക്ലാസ്സി ഞാന്‍ ജയിച്ചു.അങ്ങനെ അവിടെ നിന്നും യാത്ര പറഞ്ഞു പിരിഞ്ഞു. യൂ സീ കോളേജിലെ എന്റെ പഴയ സഹപാഠികളെ ഒരുമിച്ചു കൊണ്ട് വരാനും പൂര്‍വ വിദ്യാര്‍ത്ഥികളുടെ ഒരു സംഗമം നടത്താനും ഇതിനിടയില്‍ ഞാന്‍ ഒന്ന് ശ്രമിച്ചിരുന്നു.പക്ഷെ അത് സംഭവിച്ചില്ല.യൂ സീ കോളേജില്‍ നിന്നും ഞാന്‍ പിരിഞ്ഞിട്ടു അപ്പോഴേക്കും കാലം കുറെ കടന്നു പോയിരുന്നു.
പിന്നീട് ബിരുദ പഠനത്തിനു കോതമംഗലം മാര്‍ അത്തനാസിയോസ് കോളേജില്‍ ചേര്‍ന്നു.വിഷയം ഊര്‍ജതന്ത്രം, താമസം ഹൈയിലി സെലാസ്സി ഹോസ്റ്റലില്‍.എത്യോപ്യയിലെ ചക്രവര്‍ത്തി ആയിരുന്നു ഹൈയിലി സെലാസ്സിപഠന കാലത്ത് എന്റെ അടുത്ത സുഹൃത്ത് ആയിരുന്നു ബാബു ജോസ് .അവന്‍ ആണെങ്കില്‍ ഒരു ദേവാനന്ദ് ഭ്രാന്തന്‍.ഗൈഡ് എന്ന ചിത്രത്തിലെ ദേവാനന്ദ് എന്ന കഥ പാത്രമായി സ്വയം സങ്കല്‍പ്പിച്ചു തലമുടി ഉള്‍പ്പെടെ അത് പോലെ ആക്കി പെരുമാറിയിരുന്ന ഒരു കാലം.ഒരു ചോക്ലേറ്റ് ബോയ്, സുന്ദരനും ആയിരുന്നു അവന്‍.പെണ്‍കുട്ടികളുടെ പ്രിയപെട്ടവനും. ഞങ്ങള്‍ ക്ലാസ്സ് കട്ട് ചെയ്തു കൊച്ചി വരെ പലപ്പോഴും റിലീസ് സിനിമകള്‍ കാണാന്‍ പോയിട്ടുണ്ട്.
ദേവാനന്ദ് അഭിനയിച്ച "ജൂവല്‍ തീഫ്" കാണാന്‍ പോയ കാര്യം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു.എറണാകുളം മേനകയില്‍ ആയിരുന്നു ആ സിനിമ റിലീസ് ചെയ്തത് എന്നാണ് എന്റെ ഓര്‍മ്മ. പിന്നെ ഷേണായിസ് തിയേറ്ററില്‍, കേരളത്തില്‍ ആദ്യമായി 70 MM വന്നതും "മക്കെന്നാസ് ഗോള്‍ഡ് " അവിടെ പ്രദര്‍ശിപ്പിച്ചപ്പോള്‍ ആവേശത്തോടെ കോതമംഗലത്ത് നിന്നും PPK ബസ്സില്‍ ഒരുമിച്ചു പോയതും ഒരു പക്ഷെ ബാബു ജോസ് ഇന്ന് ഓര്‍ക്കുന്നണ്ടാവുമോ എന്തോ.? വര്‍ഷങ്ങള്‍ക്കു ശേഷം അവന്‍ ഫെഡറല്‍ ബാങ്കില്‍ ഉദ്യോഗത്തില്‍ ചെര്‍ന്നെന്നും കുടുംബമായി കഴിയുന്നു എന്നും മറ്റൊരു സുഹൃത്ത് പറഞ്ഞറിഞ്ഞു. ഈയിടെ അവന്‍ എഴുതിയ ഒരു കഥ ഒരു വാരികയില്‍ ഞാന്‍ വായിച്ചതു ഓര്‍ക്കുന്നു . അവനുമായി ഇത് വരെ ബന്ടപ്പെടുവാന്‍ സാധിച്ചിട്ടില്ല.എന്റെയും തിരക്കേറിയ ജീവിതം ആകാം ഒരു കാരണം.
കോതമംഗലം കോളേജിലെ എന്റെ പഠനവും ഹോസ്റ്റലിലെ താമസ്സവും ചെലാട് എം പീ വര്‍ഗീസ് പ്രിന്‍സിപ്പല്‍ ആയിരുന്ന കാലഘട്ടത്തില്‍ ആര്‍ട്ട്‌സ് കോളേജില്‍ ഒരിക്കല്‍ യേശുദാസ്സിന്റെ ഗാനമേള നടത്തിയതും ഗാനമേള കേട്ട് രാവേറെ കഴിഞ്ഞു മടങ്ങിയ ആര്‍ട്സ് കോളേജിലെ പെണ്‍കുട്ടികളെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികള്‍ " കൈ കാര്യം " ചെയ്തതും അതിന്റെ പേരില്‍ ആര്‍ട്സ് കോളേജ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികള്‍ തമ്മില്‍ നടന്ന സംഘട്ടനങ്ങളും കോളേജും ഹോസ്റ്റലും ദിവസ്സങ്ങളോളം പൂട്ടിയിട്ടതും എന്റെ ഓര്‍മയില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്നുണ്ട്. ഈ ഓര്‍മകളും പിന്നീടൊരിക്കല്‍ ഞാന്‍ വിശദമായി പകര്‍ത്താം. zzz
വീണ്ടും തലസ്ഥാനനഗരിയിലേക്കും അവിടുത്തെ എന്റെ സിനിമ സങ്കല്‍പ്പങ്ങളിലെക്കും തിരിച്ചു പോകുന്നു.വിജിലന്‍സ് വകുപ്പില്‍ ഞാന്‍ ജോലി ചെയ്തിരുന്ന കാലഘട്ടത്തില്‍ പൂജപ്പുരയുള്ള ദിലീപ് എന്ന ഒരു വിദ്യാര്‍ത്ഥിയു മായി ഞാന്‍ സൌഹൃദത്തില്‍ ആയി. ഏതോ സിനിമ കാണാന്‍ പോയപ്പോള്‍ പരിചയപ്പെട്ടതാണ്. ആ കൂട്ടത്തില്‍ ഐ ഓ ബി യിലെ വര്‍ഗീസ് , നാഗരാജന്‍, സാബു , സെക്രട്ടറിയെറ്റില്‍ ജോലി ചെയ്തിരുന്ന കുമാര്‍(തിരുവനന്തപുരം മുന്‍ മേയര്‍ ജയന്‍ ബാബുവിന്റെ അനിയന്).ഞങ്ങളെല്ലാം റിലീസ് ചെയ്യുന്ന മലയാളം ഇംഗ്ലീഷ് ഹിന്ദി സിനിമകളും ചലച്ചിത്രമേളകളിലെയും സ്ഥിരം സാന്നിധ്യം ആയിരുന്നു 1979 മുതല്‍ 1984 വരെയുള്ള കാലഘട്ടത്തില്‍. zzzz
ആയിടക്കാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ "ചിത്ര ലേഖ ഫിലിം സൊസൈറ്റി" യ്ക്ക് രൂപം നല്‍കിയത്.കൂടെ കുളത്തൂര്‍ ഭാസ്കരന്‍ നായര്‍ എന്ന സുഹൃത്തും ഉണ്ടായിരുന്നു. ഞാനും പൂജപ്പുര ദിലീപും കുമാറും അടങ്ങുന്ന സംഘം അന്നൊക്കെ മിക്കവാറുംതിരുവനന്തപുരത്ത് റിലീസ് ചെയ്യുന്ന എല്ലാ ചിത്രങ്ങളും കാണുകയും അതിനെ പറ്റി സ്റ്റാച്യു സെക്രട്ടറിയേറ്റില്‍ സായാഹ്നങ്ങളിലെ കൂട്ടായ്മകളില്‍ ചര്‍ച്ചകളും
നടത്തിയിരുന്നു.
ആയിടയ്ക്ക് തന്നെയാണ് ഒരു മലയാളത്തില്‍ ഒരു പുതിയ ചലച്ചിത്ര സംസ്കാരവുമായി എത്തിയ ഫിലിം സൊസൈറ്റികളുമായി ബന്ധപ്പെടുന്നത്.എന്റെ നാട്ടുകാരന്‍ തന്നെ അയ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ ആയിരുന്നു അതിനു തുടക്കം കുറിച്ചത്.അദേഹം രൂപ൦ കൊടുത്ത "ചിത്രലേഖ ഫിലിം സൊസൈറ്റി" കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി യാണ്.
തിരുവനന്തപുരം കേന്ദ്രീകരിച്ച് 1965-ൽ ആരംഭിച്ച ഈ ഫിലിം സൊസൈറ്റിയിലൂടെ ഇന്ത്യൻ ചലച്ചിത്രരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച നിരവധി പേരും, പ്രശസ്തമായ ചലച്ചിത്രങ്ങളും രംഗത്തെത്തി. സഹകരണ സ്റ്റുഡിയോ എന്ന ആശയവും ആദ്യമായി കൊണ്ടുവന്നത് ഈ സൊസൈറ്റി ആണ് . ഇന്ത്യൻ ചലച്ചിത്രരംഗത്തെ അതികായനായ അടൂർ ഗോപാലകൃഷ്ണനാണ് ഈ സൊസൈറ്റിയുടെ രൂപീകരണത്തിന് ചുക്കാൻ പിടിച്ചത്.കൂട്ടത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്ത് കുളത്തൂര്‍ ഭാസ്കരന്‍ നായരും ഉണ്ടായിരുന്നു. കൊടിയേറ്റം ഗോപി, കരമന ജനാർദ്ദനൻ നായർ തുടങ്ങിയ പ്രമുഖനടന്മാർ ചിത്രലേഖയിലൂടെയാണ്ചലച്ചിത്രരംഗത്തെത്തിയത്. zzz
ഇന്ത്യയിലെതന്നെ ഏറ്റവും പ്രശസ്തമായിരുന്ന ഈ ഫിലിം സൊസൈറ്റിയുടെ കീഴിൽ ആരംഭിച്ച ചിത്രലേഖ ഫിലിം കോ ഓപ്പറേറ്റീവ് ചലച്ചിത്ര നിർമ്മാണരംഗത്ത് മുദ്ര പതിപ്പിച്ചു. സഹകരണ മേഖലയിലെ ഇന്ത്യയിലെതന്നെ പ്രഥമ സംരംഭമായിരുന്നു ഇത്.. ഈ സൊസൈറ്റി ദേശീയ-അന്തർദേശീയതലത്തിൽ അംഗീകാരങ്ങൾ ലഭിച്ച സ്വയംവരം, കൊടിയേറ്റം എന്നീ കഥാചിത്രങ്ങളും അനേകം ഹ്രസ്വചിത്രങ്ങളും നിർമിച്ചു. ആക്കുളത്ത് ഒരു ഫിലിം സ്റ്റുഡിയോയും 1974-ൽ ആരംഭിച്ചു.
ഞങ്ങളുടെ സ്റ്റാച്യു കൂട്ടായ്മ, 80-കളിലാണ് അന്ന് മലയാള ചലച്ചിത്ര ലോകത്ത് ഒരു പുത്തന്‍ അനുഭവവും ആയി രംഗത്ത് വന്ന ചിത്രലേഖ ഫിലിം സൊസൈറ്റി യുമായി ബന്ധപ്പെടുന്നതും അതില്‍ അംഗങ്ങള്‍ ആയതും. ദേശീയ അന്തര്‍ദേശീയവുമായ അന്ഗീകാരങ്ങള്‍ ലഭിച്ച ലോക ക്ലാസ്സിക് സിനിമകള്‍ കാണാന്‍ ഞങ്ങള്‍ക്ക് അവസ്സരം ഉണ്ടാക്കിയത് ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ ഫിലിം ഫെസ്ടിവലുകള്‍ ആയിരുന്നു.ഓരോ സിനിമകളും ഞങ്ങള്‍ക്ക് ഒരു പുതിയ അനുഭവവും ആയിരുന്നു..അത് വരെ നമ്മുടെ മലയാള സിനിമയും ഇന്ത്യന്‍ സിനിമയും ചലിച്ചിരുന്ന ഒരു നിശ്ചിത പന്ഥാവില്‍ നിന്നുള്ള ഒരു മാറ്റം തന്നെയായിരുന്നു ഈ ക്ലാസ്സിക് സിനിമകളില്‍ ഞങ്ങള്‍ ദര്‍ശിച്ചത്.
അതില്‍ "ദ സെവൻത് സീൽ" എന്ന ചിത്രം എന്നെ വളരെ അധികം സ്വാധീനിച്ചു. ഇഗ്മാർ ബെർഗ്മാൻ സംവിധാനം ചെയ്ത് 1957 ൽ
പുറത്തിറങ്ങിയ സ്വീഡിഷ് ചലചിത്രമാണു "ദ സെവൻത് സീൽ." ബർഗ്മാനേയും സ്വീഡിഷ് സിനിമയേയും വിശ്വസിനിമയിയിൽ പ്രഥമ സ്ഥാനത്തേക്കുയർത്തിയത് ഈ സിനിമയാണു.
ബെർഗ്മാന്റെ തന്നെ നാടകമായ വുഡ് പൈന്റിങ് അടിസ്ഥാനമാക്കി ബൈബിളിലെ വെളിപാടു പുസ്തകത്തിൽ പരാമർശിക്കപ്പെടുന്ന ഏഴാമത്തെ മുദ്ര എന്ന ഭാഗത്തെ ആസ്പദമാക്കിയാണു ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രം 1957-ലെ കാൻസ് ചലച്ചിത്രമേളയിൽ ജൂറി പുരസ്ക്കാരത്തിന് അർഹമായി.ഞങ്ങളുടെ ഒക്കെ സിനിമ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറം ആയിരുന്നു ഇഗ്മര്‍ ബര്‍ഗ്‌മാന്‍ന്റെ "സെവെന്‍ത് സീല്‍."
പിന്നീട് എന്റെ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ചിത്രം ഇഗ്മാർ ബെർഗ്മാൻന്റെ തന്നെ "ദ വിർജിൻ സ്പ്രിങ്" എന്ന ചിത്രം ആയിരുന്നു. "ദ സെവൻത് സീൽ" എന്ന അദ്ദേഹത്തിന്റെ തന്നെ ചിത്രത്തില്‍ നിന്നും വളരെ വിഭിന്നമായ ഒരു പ്രമേയം ആയിരുന്നു ഈ ചിത്രത്തില്‍.1960ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ദ വിർജിൻ സ്പ്രിങ്. തന്റെ മകളെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തി യവരോടുള്ള പിതാവിന്റെ പ്രതികാരത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ധാർമികത, നീതി, മതങ്ങൾ തുടങ്ങിയ പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തി നിർമിച്ച് ഈ സിനിമ 1961ലെ ഓസ്കാർ പുരസ്കാര വേളയിൽ മികച്ച് അന്യഭാഷാ ചിത്രത്തിനുള്ള പുരസ്കാരം നേടി. കൂടാതെ 1972ൽ പുറത്തിറ്ങ്ങിയ "ദ ലാസ്റ്റ് ഹൌസ് ഓൺ ദ ലെഫ്റ്റ്" എന്ന ചിത്രത്തിനു അടിസ്ഥാനവുമായി. സ്വാഭാവികമായ അഭിനയം കൊണ്ടും തിരക്കഥയുടെ കരുത്തും കാമറയുടെ മികവും കൊണ്ട്ഇഗ്മാർ ബെർഗ്മാൻ ഒരു ഇന്ദ്രജാലം തന്നെ സൃഷ്ടിച്ചു "ദ വിർജിൻ സ്പ്രിങ്" എന്ന ചിത്രത്തില്‍.ഒരു ചലച്ചിത്രത്തില്‍ ആദ്യമായി ഒരു പെണ്‍കുട്ടിയെ മാനഭംഗം നടത്തുന്നതിന്റെ സെന്‍സര്‍ ചെയ്യാത്ത രംഗങ്ങള്‍ കണ്ടപ്പോള്‍ എന്നില്‍ ഉണ്ടാക്കിയ അമ്പരപ്പും, ആ പെണ്‍കുട്ടിയോട് തോന്നിയ അനുകമ്പയും ഇന്നും എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു.അത്രയ്ക്ക് സ്വാഭാവികമായ ഒരു നഗ്ന സീന്‍ പിന്നെ മറ്റൊരു ചിത്രത്തിലും കണ്ടിട്ടില്ല, ഇത് പോലെ എന്നെ സ്വധീനിച്ചിട്ടും ഇല്ല എന്നത് സത്യം.
ഇത് പോലെ തന്നെ എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന മറ്റൊരു ചിത്രം ആണ്"സെവന്‍ സമുറായി ".അകിരാ കുറോസോവ് എന്ന ജാപ്പനീസ് സംവിധായകന്റെ ഒരു ക്ലാസ്സിക് ചിത്രം ആയിരുന്നു അത്.1954 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ രചനയും എഡിറ്റിംഗും സംവിധാനവും അകിരാ കുറോസോവ് തന്നെയാണ്
നിര്‍വഹിച്ചത്.1587 ല്‍ യുദ്ധ ഭരിതമായ ജപ്പാന്‍ ഗ്രാമങ്ങളുടെ പശ്ചാതലത്തിലാണ് ഈ കഥ നടക്കുന്നത്.തങ്ങളുടെ വിളവുകള്‍ കൊള്ളയടിക്കാന്‍ വരുന്ന അക്രമികളെ നേരിടാന്‍ ഒരു ഗ്രാമത്തിലെ ജനങ്ങള്‍ യുദ്ധ വീരന്മാരായ 7 സമുറായിമാരെ വാടകയ്ക്ക് എടുക്കുന്നതും അവര്‍ ജീവന്‍ പോകുന്നത് വരെ ഗ്രാമീണരെ സംരക്ഷിക്കാന്‍ കൊള്ളക്കാരുമായി പോരാടുന്നതുമാണ് കഥയുടെ ഇതിവൃത്തം.ഇത് ജാപ്പനീസ് ഭാഷയില്‍ ഇത് വരെ നിര്മിച്ചതില്‍ ഏറ്റവും മഹത്തായതും പാശ്ചാത്യരെ ഏറെ സ്വാധീനിച്ചതും അയ ഒരു ചലച്ചിത്രം ആയി കണക്കാക്കപ്പെടുന്നു.ഇത് അകിരാ കുരോസ്സവയുടെ എക്കാലത്തെയും ചലച്ചിത്രങ്ങളില്‍ ഏറ്റവും നല്ല ചിത്രമായി കണക്കാക്കപെടുന്നു. ഈ ചിത്രവും നമ്മുടെ മനസ്സില്‍ എന്നും നിലനില്‍ക്കും വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും.
എന്റെ സിനിമ സങ്കല്‍പ്പങ്ങളിലും, അനുഭവങ്ങളിലും ചിന്തയിലും എപ്പോഴും പച്ച പിടിച്ചു നില്‍ക്കുന്ന ചില ചലച്ചിത്രങ്ങള്‍ ആണ് ഞാന്‍ ഇവിടെ സൂചിപ്പിച്ചത്.ഇത് പോലെ പിന്നെയും കുറെ നല്ല ഫിലിം ഫെസ്ടിവലുകള്‍ "ചിത്രലേഖ ഫിലിം സൊസൈറ്റി നടതുകയുണ്ടായി അവിടൊക്കെയും ഞങ്ങളുടെ സ്റ്റാച്യു കൂട്ടായ്മയുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു വര്‍ഷങ്ങളോളം.
1981 ല ആണെന്നാണ് എന്റെ ഓര്‍മ്മ. ചിത്രലേഖ ഫിലിം സൊസൈറ്റി ഒരു പൊതുയോഗം വിളിച്ചു ചേര്‍ത്തു.ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനും വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കാനും ബജറ്റ് പാസ്സാക്കാനും മറ്റുമായി.ഞാനും എന്റെ സുഹൃത്തുക്കള്‍ ആയ പൂജപ്പുര ദിലീപ് , കുമാര്‍ എന്നിവരും അന്ന് പതിവ് പോലെ പൊതുയോഗത്തിന് എത്തി.അടൂര്‍ ഗോപാലകൃഷ്ണന്‍ ആണ് അന്ന് സൊസൈറ്റിയുടെ പ്രസിഡന്റ്.ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ച "സ്വയംവരം" "കൊടിയേറ്റം" സിനിമകള്‍ ചെയ്തു വളരെ പ്രശസ്തിയില്‍ നില്‍ക്കുന്ന കാലമായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ അന്ന്. യോഗത്തിന്റെ നടപടി ക്രമങ്ങള്‍ അടൂര്‍ നിര്‍വഹിച്ചു കൊണ്ടിരുന്നു.അവസാനം അടുത്ത വര്‍ഷത്തെ ഭാരവാഹികളെ നിശ്ചയിക്കുന്ന നടപടിയിലേക്ക് കടന്നു പലരുടെയും പേരുകള്‍ അവിടെ ഉയര്‍ന്നു വന്നു.എനിക്കും ഒരു മോഹം ഉണ്ടായി ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ ഒരു ഭാഗം ആകണമെന്ന്.പൂജപ്പുര ദിലീപ് എന്റെ പേര് നിര്‍ദേശിച്ചു. കുമാര്‍ പിന്താങ്ങി. ആര്‍ക്കും എതിരില്ലാത്തതിനാല്‍ പേര് നിര്‍ദേശിച്ചു പിന്താങ്ങിയ എല്ലാവരും എതിരില്ലാതെ തിരഞ്ഞെടുക്കപെട്ടു, ഞാനുള്‍പ്പെടെ. zzzz
അങ്ങനെ ഞാനും ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ ഡയറക്ടര്‍മാര്‍രില്‍ ഒരാള്‍ ആയി തിരഞ്ഞെടുക്കപെട്ടു.എന്റെ സിനിമ മോഹതിന്റെയും സങ്കല്പ്പങ്ങളുടെയും ഒരു സാക്ഷാത്കാരം.കൂടെ അടൂര്‍ ഗോപാലകൃഷ്ണന്‍, ചലച്ചിത്ര ഗ്രന്ഥങ്ങള്‍ എഴുതുകയും നിരൂപകനും അയ എം എഫ് തോമസ്, സിനിമ സീരിയല്‍ സംവിധായകന്‍ വിജയകൃഷ്ണന്‍, മറ്റൊരു സിനിമ ആസ്വാദകന്‍ ഗോപാലകൃഷ്ണന്‍. അങ്ങനെ മറ്റുള്ള പ്രഗല്‍ഭരും സൊസൈറ്റിയുടെ ഭാഗമായി.എനിക്ക് ആണെങ്കില്‍ ഒരു രാജ്യം പിടിച്ചെടുത്ത സന്തോഷവും.അവരോടൊപ്പം ഒരു സിനിമ ആസ്വാദകന്‍ മാത്രമായ എനിക്കും കേളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയില്‍ അടൂര്‍ ഗോപാലകൃഷ്ണനെ പോലെയുള്ള ഒരു ലോക പ്രശസ്തനായ ചലച്ചിത്രകാരനോടൊപ്പം സ്ഥാനം ലഭിച്ചതില്‍.
അന്നൊക്കെ ഡയറക്ടര്‍ ബോര്‍ഡ് യോഗം കൂടുന്നത് ഓവര്‍ ബ്രിഡ്ജിനു സമീപമുള്ള ഒരു പഴയ ഹോട്ടലിന്റെ മുകള്‍ നിലയിലെ ഒരു ചെറിയ മുറിയില്‍ ആണ്.എം ജീ റോഡ് വികസനത്തിന് വേണ്ടി റോഡിനു വീതി കൂട്ടിയപ്പോള്‍ ഈ ഹോട്ടല്‍ പൊളിച്ചു മാറ്റി.അവിടൊക്കെ ഇപ്പോള്‍ പുതിയ ബഹു നില മന്ദിരങ്ങള്‍ മാത്രം കാണാം.അടൂരിനോടോത്ത് അന്ന് പല യോഗങ്ങളിലും ഞാനും പങ്കെടുത്തു.ഞങ്ങളും ആ വര്‍ഷം വിജയകരമായി ഒരു ദേശീയ അന്തര്‍ദേശീയ ഒരു ഫിലിം ഫെസ്റിവല്‍ നടത്തി. ഒരു വര്‍ഷത്തോളം ഞാനും യോഗങ്ങളിലും സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തു.പിന്നീടു 1984 ല്‍ എനിക്ക് സെക്രെട്ടറിയേറ്റില്‍, ധനകാര്യ വകുപ്പില്‍ അസിസ്റ്റന്റ് ആയി നിയമനം ലഭിക്കുകയും അഴിമതി നിരോധന വകുപ്പില്‍ നിന്നും പിരിഞ്ഞു പോവുകയും ചെയ്തു എന്നത് പില്‍കാല ചരിത്രം.
ഇതിനടയ്ക്കു ചിത്രലേഖ ഫിലിം സൊസൈറ്റിയുടെസ്ഥാപകരില്‍ പ്രമുഖനായ കുളത്തൂര്‍ ഭാസ്കരന്‍ നായരുമായി അഭിപ്രായ വിത്യാസ്സം ഉണ്ടായതിന്റെ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സൊസൈറ്റിയില്‍ നിന്നും പിന്‍വാങ്ങുകയുണ്ടായി. അങ്ങനെ കുറെ നാള്‍ കഴിഞ്ഞു കേരളത്തില്‍ പുതിയ സിനിമ ചിന്തകളും സങ്കല്‍പ്പങ്ങള്‍ക്കും നിധാനവും, കേരളത്തില്‍ എമ്പാടും ഫിലിം സൊസൈറ്റികള്‍ ഉണ്ടാകുന്നതിനു പ്രചോദനവും ആയിരുന്ന ചിത്രലേഖ ഫിലിം സൊസൈറ്റി മലയാള ചലച്ചിത്ര ചരിത്രത്തിലെ ഒരു എട് മാത്രമായി തീര്‍ന്നു.
തലസ്ഥാന നഗരിയില്‍ "ചലച്ചിത്ര" എന്ന മറ്റൊരു ഫിലിം സൊസൈറ്റിയും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഫിലിം സൊസൈറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ 80 തുകള്‍കഴിഞ്ഞപ്പോള്‍ ഇല്ലാതായി.പിന്നീട് കേരള സംസ്ഥാന ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ തിരുവല്ലത്ത് ചിത്രലേഖ ഫിലിം സ്റ്റുഡിയോ ആരംഭിച്ചു.കേരള ചലച്ചിത്ര അക്കാദമി ആരംഭിച്ചു .സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ തന്നെ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഓഫ് കേരള എന്ന സ്ഥിരം വേദി ഉണ്ടായി.ഇപ്പോള്‍ എല്ലാ വര്‍ഷവും ഐ എഫ് എഫ് കെ തലസ്ഥാനത്ത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകള്‍ നടത്തുന്നുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍ കുറെ ഇടവേളകള്‍ക്ക് ശേഷം വീണ്ടും ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തു.ഒട്ടു മിക്ക ചിത്രങ്ങളും ദേശീയ അന്താരാഷ്ട്ര അന്ഗീകാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തു.
സിനിമയോടുള്ള എന്റെ ആഭിമുഖ്യവും കുറേശെ കുറേശ്ശെ ഇല്ലാതായി. എങ്കിലും കേരള ചലച്ചിത്ര അക്കാദമി പിന്നീട് സംഘടിപ്പിച്ച മിക്കവാറും എല്ലാ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും ഉദ്യോഗസ്ഥ ഡെലിഗേറ്റ് ആയും ഫിലിം ഡെലിഗേറ്റ് ആയും ഞാന്‍ പങ്കെടുക്കുകയും ലോക ക്ലാസ്സിക് ചലച്ചിത്രങ്ങള്‍ കാണുന്നതിനും അവസ്സരങ്ങള്‍ കണ്ടെത്തുകയും ചെയ്തു..2008 ജനുവരി മാസം ഞാന്‍ വിരമിക്കുന്നതു വരെ തലസ്ഥാന നഗരിയിലെ ചലച്ചിത്രോത്സവങ്ങളിലെ ചിത്രങ്ങള്‍ കാണുന്നതിനു കലാഭവന്‍, ശ്രീകുമാര്‍, ന്യൂ, പദ്മനാഭ തിയേറ്ററുകളില്‍ പാഞ്ഞു നടന്നിരുന്നു.വീണ്ടും ഞാന്‍ എന്റെ നാട് ആയ അടൂരിലെ കടമ്പനാട് എന്ന കൊച്ചു ഗ്രാമത്തിലേക്ക് തിരിച്ചെത്തി.അപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന "വിഷ്ണു" ലക്ഷ്മി" എന്ന രണ്ടു സിനിമ കൊട്ടകകള്‍ പൂട്ടിപോയിരുന്നു.zzz
ഞാന്‍ ഈ വരികള്‍ കുറിക്കുമ്പോള്‍ കെ പി ഉദയഭാനു അന്തരിച്ചു എന്ന ഫ്ലാഷ് ന്യൂസ് ചാനലുകളില്‍ മിന്നി മറഞ്ഞു.ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന ഗാന പരിപാടിയുമായി തലസ്ഥാന നഗരിയിലും മറ്റും നമ്മുടെ പഴയ ഗാന ശാഖയെ പുനരുജീവിപ്പിക്കാനും മറ്റും വളരെ പരിശ്രമിച്ച ആ ഭാവ ഗായകന്റെ മരണവും എന്നില്‍ ദുഃഖം ഉണ്ടാക്കി. രണ്ടു വര്‍ഷം മുന്‍പ് ആയിരുന്നു അദേഹത്തിന്റെ പ്രിയ പത്നി വിജയലക്ഷ്മിയുടെ മരണം . കെ പി ഉദയ ഭാനുവിന്റെ സന്തത സഹചാരി ആയിരുന്ന വിജയലക്ഷ്മിയുടെ വേര്‍പാട് അദേഹത്തെ മാനസ്സികമായി തകര്‍ത്തിരുന്നു. ഒരിക്കലും മറക്കാനാകാത്ത കുറെ നല്ല ഗാനങ്ങള്‍ നമുക്ക് നല്‍കി ആ വെള്ളിനക്ഷത്രം മാഞ്ഞു പോയി.1968 ല്‍ "അമ്മേ മഹാകാളിയമ്മേ" എന്ന പാട്ടു ആന്റൊയോടൊപ്പം അദേഹം പാടി. വീണ്ടും 32 വര്‍ഷങ്ങള്‍ക്കു ശേഷം 2000 ല്‍ "കണ്ണാടിക്കടവത്ത്" എന്ന ചിത്രത്തില്‍ "ഒന്നുദിച്ചാല്‍" എന്ന പാട്ട് ആണ് അദേഹം പാടിയത്.
ഏറ്റവും അവസാനമായി 2010 ല്‍ അദേഹം "താന്തോന്നി" എന്ന ചിത്രത്തില്‍ "കാറ്റുപറഞ്ഞതും" എന്ന യുഗ്മഗാനം മറ്റു ഗായകരോടൊപ്പം പാടിക്കൊണ്ട് ചലച്ചിത്ര ഗാനാലാപനത്തിനോട് വിട വാങ്ങി.. അദേഹത്തിന് അര്‍ഹമായ അവസ്സരവും ആദരവും കൊടുക്കുന്നതില്‍ നമ്മുടെ മലയാള ചലച്ചിത്ര ലോകം വലിയ അനാസ്ഥയാണ് കാട്ടിയത്.പക്ഷെ ഉദയഭാനു പാടിയ പാട്ടുകള്‍ നമ്മുടെ ഹൃദയത്തില്‍ എന്നും ഉണ്ടാവും...ആ ഭാവ ഗായകന്, "ഓള്‍ഡ് ഈസ് ഗോള്‍ഡ്' എന്ന് തെളിയിച്ച മഹാനു ആദരാഞ്ജലികള്‍ !!
കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പേ, ജോലി കഴിഞ്ഞു വൈകുന്നേരം ഞങ്ങള്‍ സുഹൃത്തുക്കള്‍ സെക്രട്ടറിയെറ്റ് കാമ്പസ്നുള്ളില്‍ അസാദ് ഗേറ്റിനു സമീപം ഒത്തു കൂടുമായിരുന്നു. തൃക്കൊടിത്താനം ചന്ദ്രമോഹന്‍, കടമ്പനാട്ട്കാരനും പ്ലാനിംഗ് ബോര്‍ഡിലെ ഉധ്യോഗസ്തനും എന്റെ ഉറ്റ സുഹൃത്തുമായ നിയതി, സെക്രട്ടറിയെറ്റ്റ്റില്‍ തന്നെ ജോലി ചെയ്യുന്ന പുല്ലാട് ശ്രീകുമാര്‍, വിരമിച്ച തങ്കരാജ് അങ്ങനെ ഒത്തിരി സുഹൃത്തുക്കള്‍ സ്ഥിരമായി "സ്റ്റാച്യു കമ്പനി" എന്ന ഒരു കൂട്ടായ്മയില്‍ ഒത്തു ചേര്‍ന്നിരുന്നു. അന്നൊക്കെ സായാഹ്നങ്ങളില്‍ ചര്‍ച്ചകളും കഴിഞ്ഞു നേരെ ഒരു ചായയും, വടയും അല്ലെങ്കില്‍ ചായയും വാഴക്ക അപ്പമോ കഴിക്കാന്‍ തൊട്ടടുത്ത് തന്നെ ഉള്ള ആസാദ് ഹോട്ടല്‍ അല്ലെങ്കില്‍ അരുള്‍ ജ്യോതിയില്‍ പോകുന്ന ഒരു പതിവുണ്ടായിരുന്നു. നല്ല ചൂടുള്ള ഉഴുന്ന് വടയും ചമ്മന്തിയും എന്റെ ഒരു വീക്ക്നെസ്സ് ആണ് അന്നും ഇന്നും. അത് കൊണ്ട് ഞാന്‍ മിക്കപ്പോറും അരുള്‍ ജ്യോതി ഹോട്ടലില്‍ നിന്നും ആയിരുന്നു ചായ കുടി. "അരുള്‍ ദ്രോഹി " എന്നും സരസ്സന്മാരായ എന്റെ സുഹൃത്തുക്കള്‍ വിളിക്കാറുണ്ട്, ഈ ഹോട്ടലിനെ.വടയ്ക്ക് നല്ല വില ഈടാക്കും, അണ്ണാച്ചിമാര്‍:കൂടാതെ ഒരു ഗ്ലാസ് ചായയുടെ പകുതി ഒരു ചെറിയ കപ്പില്‍ ഒഴിച്ച് തരും, വിലയോ തൊട്ടടുത്ത് അസാദ് ഹോട്ടലില്‍ നിന്നും കിട്ടുന്ന ഒരു ഫുള്‍ ഗ്ലാസ് ചായയുടെ വിലയേക്കാള്‍ കൂടുതല്‍. ഞാന്‍ ഉഴുന്ന് വട കൂടെ കഴിക്കുന്നത് കൊണ്ട് മിക്കവാറും അരുള്‍ ദ്രോഹിയില്‍ നിന്ന് തന്നെയാകും ചായ കുടി. തൊട്ടടുത്തുള്ള ആസാദ് ഹോട്ടലില്‍ ഉഴുന്ന് വട കിട്ടില്ല അവിടെ കടി മിക്കവാറും ഏത്തക്ക അപ്പം ആയിരിക്കും.
അന്നൊക്കെ കെ പി ഉദയഭാനുവും ഭാര്യ വിജയലക്ഷ്മിയും സായാഹ്ന സവാരിക്ക് സ്ഥിരമായി സെക്രട്ടറിയേറ്റിനു മുന്‍പിലെ എം ജീ റോഡ് തന്നെയാകും തിരഞ്ഞെടുക്കുക. അവിടെയുള്ള ഒരു ബുക്ക് സ്റ്റാളില്‍ നിന്നും പ്രസിദ്ധീകരങ്ങളും വാങ്ങി രണ്ടു പേരും ഈ അരുള്‍ ദ്രോഹിയില്‍ നിന്ന് തന്നെയാണ് ചായ കുടി. തൊട്ടടുത്ത ടേബിളില്‍ ഞാനും സുഹൃത്തുക്കളും കാണും.കടും നിറത്തില്‍ ഉള്ള ഷര്‍ട്ടും പാന്റ്സും പിന്നെ എപ്പോഴും ഒരു നല്ല ക്യാപ്പും അണിഞ്ഞാവും ഉദയഭാനുവിന്റെ സായാഹ്ന സവാരി. കൂട്ടത്തില്‍ സുന്ദരിയായ അദേഹത്തിന്റെ ഭാര്യ വിജയലക്ഷ്മിയും.അദേഹത്തിന്റെ ഭാര്യയുടെ മരണം നേരത്തെ ഉണ്ടായി. ഇപ്പോള്‍ ഇതാ ആ വെള്ളിനക്ഷത്രവും മിന്നി മറഞ്ഞു.എന്റെ ഓര്‍മ്മകള്‍ കുറെയധികം പിന്നോട്ട് പോയി. zzzzzzzzzz
വര്‍ഷങ്ങള്‍ വീണ്ടും കൊഴിഞ്ഞു പോയി.സര്‍വീസില്‍ നിന്നും ഞാന്‍ പിരിഞ്ഞു പോന്നു.2008 ഓഗസ്റ്റ് മാസ്സത്തോടെ ഞാനും കുടുംബവും നേതാജി നഗറിലെ ഗവ:ക്വേര്‍ട്ടെര്‍സ്സ്സിലെ D2A യിലെ താമസം മതിയാക്കി എന്റെ കൊച്ചു ഗ്രാമം ആയ അടൂര്‍-കടമ്പനാട്ട്, 4 വര്ഷം എടുത്തു പണി തീര്‍ത്ത "ആനേടത്ത് " എന്ന എന്റെ കൊച്ചു വീട്ടിലേക്കു ജീവിതം പറിച്ചു നട്ടു.ഇവിടെ എഴാം മൈലില്‍ ലക്ഷ്മി എന്ന ഒരു സിനിമാ കൊട്ടകയും കടമ്പനാട് ജംഗ്ഷനില്‍ വിഷ്ണു എന്ന മറ്റൊരു സിനിമ കൊട്ടകയും ഉണ്ടായിരുന്നു.വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഈ രണ്ടു സിനിമ കൊട്ടകകളും കേബിള്‍ ടീ വി കളുടെയും. വ്യാജ സിനിമ സീഡികളുടെയും പ്രളയത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ സംസ്ഥാനത്തെ മറ്റു സ്ഥലങ്ങളില്‍ ഒക്കെയുണ്ടായ സിനിമ കൊട്ടക വ്യവസായ തകര്‍ച്ചയുടെ ഭാഗമായി പൂട്ടിപ്പോയിരുന്നു.ഇന്ന് സിനിമ കാണാന്‍ 10 കിലോമീറ്ററോളം ദൂരെയുള്ള അടൂരോ അല്ലെങ്കില്‍ 5 കിലോമീറ്റര്‍ സഞ്ചരിച്ചു പുത്തൂരോ പോകണം.
അങ്ങനെ എന്റെ സിനിമ ചിന്തകള്‍ക്കും, സ്വപ്നങ്ങള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും ഞാന്‍ ഇപ്പോള്‍ ഒരു താല്‍ക്കാലിക അവധി കൊടുത്തു തലസ്ഥാന നഗരിയില്‍ നിന്നും ഏകദേശം 88 കിലോമീറ്റര്‍ അകലെയുള്ള കടമ്പനാട് എന്ന ഈ കൊച്ചു ഗ്രാമത്തില്‍ ജീവിക്കുന്നു. സിനിമ വിശേഷങ്ങള്‍ സിനിമ മംഗളത്തില്‍ കൂടെയും മറ്റു മാധ്യമങ്ങളില്‍ കൂടെയും പിന്തുടരുകയും ചെയ്യുന്നു..........
എന്റെ ഗ്രാമമായ കടമ്പനാടിനു തൊട്ടടുത്തുള്ള പള്ളിക്കല്‍ ഗ്രാമത്തിലെ മേടയില്‍ ബംഗ്ലാവില്‍, മാധവന്‍ ഉണ്ണിത്താന്റെയും മൌട്ടത്ത് ഗൌരിയമ്മയുടെയും പുത്രന്‍ മൌട്ടത്ത് ഗോപാലകൃഷ്ണന്‍ ഉണ്ണിത്താന്‍ (അടൂര്‍ ഗോപാലകൃഷ്ണന്‍) ഇപ്പോള്‍ സ്ഥിരമായി തിരുവനന്തപുരം, കുളത്തൂരില്‍ കുടുംബത്തോടൊപ്പം സുഖം ആയി കഴിയുന്നു,ലോക സിനിമകളില്‍ അദേഹത്തിന്റെ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ട് തന്നെ.ഏറ്റവും അവസാനം(2008) അദേഹം സംവിധാനം ചെയ്ത ഒരു പെണ്ണും രണ്ടാണും എന്ന ചിത്രത്തിനും ഏറ്റവും നല്ല സംവിധായകനുള്ള 2009 ലെ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1972 മുതല്‍ അദേഹത്തിന് ലഭിച്ച ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ നിരവധി ആണ്. എന്റെ നാട്ടുകാരനും അന്തര്‍ദേശീയ പ്രശസ്തനുമായ ആ ലോകോത്തര സംവിധായകന്‍റെ കൂടെ ഒരു വര്‍ഷത്തോളം ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ എനിക്ക് ലഭിച്ച അസുലഭാവസരം ഞാന്‍ ഇവിടെ സ്മരിച്ചു എന്നെ ഉള്ളൂ......
അടൂര്‍ ഭാസിയുടെ കാര്യം പരാമര്‍ശിക്കാതെ ഞാന്‍ എങ്ങനെ എന്റെ ഈ വരികള്‍ പൂര്‍ണ്ണമാക്കും? തിരുവനന്തപുരം റോസ്സ്കോട്ട് ബംഗ്ലാവില്‍ 1927 ഇല്‍ മലയാളത്തിന്റെ എന്നത്തേയും മഹാനായ ഹാസ്യ സാഹിത്യകാരന്‍ ഈ വീ കൃഷ്ണപിള്ളയുടെ മകനായി ജനിച്ച കെ ഭാസ്കരന്‍ നായര്‍ 1950 മുതല്‍ 1980 വരെ മലയാള ചലച്ചിത്ര ലോകത്തെ ചിരിയുടെ/ അഭിനയത്തിന്റെ സാമ്രാട്ട് തന്നെ ആയിരുന്നു. 44 മത്തെ വയസ്സില്‍ അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് ഭാസ്കരന്‍ നായര്‍ അമ്മയോടൊപ്പം പിതാവിന്റെ അടൂരുള്ള വീട്ടിലേക്കു താമസം മാറ്റി.ഹൈ സ്കൂള്‍ വിദ്യാഭ്യാസം അടൂരിലെ ഇംഗ്ലീഷ് സ്കൂളില്‍ ആയിരുന്നു.അങ്ങനെ ആണ് ഭാസ്കരന്‍ നായര്‍ അടൂര്‍ ഭാസ്സിയായത്.സ്കൂള്‍ വിധ്യാഭ്യാസത്തിനു ശേഷം അടൂര്‍ ഭാസി വീണ്ടും തിരുവനന്തപുരത്തെ അമ്മ വീട്ടിലേക്കു തിരിച്ചു പോയി. പീ ആര്‍ എസ് പിള്ള സംവിധാനം ചെയ്ത "തിരമാല " എന്നാ ചിത്രത്തില്‍ ഒട്ടും പ്രാധാന്യം ഇല്ലാത്ത ഒരു വേഷത്തിലാണ് അടൂര്‍ ഭാസി ആദ്യമായി അഭിനയിക്കുന്നത്.1961-ല്‍ ചന്ദ്രതാരയുടെ "മുടിയനായ പുത്രന്‍ " എന്ന ചിത്രത്തിലെ ശ്രദ്ധേയമായ അഭിനയത്തോട് കൂടി മലയാള ചലച്ചിത്ര രംഗത്തെ മുടി ചൂടാ മന്നനായി അടൂര്‍ ഭാസി.അന്നൊക്കെ അടൂര്‍ ഭാസി ഇല്ലാത്ത ഒരു മലയാള ചിത്രം നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും ആകുമായിരുന്നില്ല. അടൂര്‍ ഭാസ്സിയും എസ് പീ പിള്ളയും ബഹദൂറും അടങ്ങുന്ന ത്രിമൂര്‍ത്തികള്‍ മലയാള സിനിമ അടക്കി വാണ ആ കാലഘട്ടം ഇന്നും എന്റെ സ്മരണയില്‍ നിറയുന്നു.800 -ഓളം സിനിമകളില്‍ അടൂര്‍ ഭാസി അഭിനയിച്ചു. മൂന്ന് സിനിമകള്‍ അദ്ദേഹം സംവിധാനവും ചെയ്തു. ആദ്യപാഠം എന്ന ചിത്രത്തില്‍ കമലാഹാസനെ അഭിനയിപ്പിച്ചു കൊണ്ട് ആ മഹാ നടന്റെ കഴിവുകള്‍ക്ക് അംഗീകാരം നല്‍കി.1974-ല്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചട്ടക്കാരി എന്ന ചിത്രത്തിലെ അഭിനയത്തിനും 1979-ല്‍ ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത ചെറിയാച്ചന്റെ ക്രൂര കൃത്യങ്ങള്‍ എന്ന ചിത്രത്തിലെയും അതുല്യമായ അഭിനയത്തിന് ഏറ്റവും നല്ല നടന്‍ എന്ന സംസ്ഥാന ബഹുമതിയും അദേഹത്തെ തേടി എത്തി. നല്ല ഒരു ഗായകന്‍ കൂടി ആയിരുന്നു അടൂര്‍ ഭാസി. 1990 മാര്‍ച്ചില്‍ 63-മത്തെ വയസ്സില്‍ ഭാസി മരിച്ചു , മലയാള സിനിമയില്‍ ഒരിക്കലും നികത്താന്‍ കഴിയാത്ത ഒരു വിടവ് സൃഷ്ടിച്ചു കൊണ്ട്. അദ്ദേഹം അവിവാഹിതന്‍ ആയിരുന്നു. അങ്ങനെ അടൂരിന്റെ മഹിമ എന്തുന്ന ആ മഹാ കലാകാരനും മണ്മറഞ്ഞു.....
അത് പോലെ തന്നെ മലയാള ചലച്ചിത്ര ലോകത്തിനു ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു നടി ആയിരുന്നു അടൂര്‍ ഭവാനി. 1965-ല്‍ ദേശീയ ബഹുമതി ലഭിച്ച ചെമ്മീനിലെ അഭിനയം മാത്രം മതി ഈ നല്ല കലാകാരിയെ നമുക്ക് എന്നും ഓര്‍ക്കാന്‍.കെ പീ ഏ സിയുടെ നാടക ട്രൂപ്പിലെ ഒരു പ്രധാന നടി ആയിരുന്നു. 450 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.സംസ്ഥാന ചലച്ചിത്ര ബഹുമതികളും ലഭിച്ചിട്ടുണ്ട്; കള്ളിചെല്ലമ്മയിലെ അഭിനയത്തിന് രണ്ടാമത്തെ ഏറ്റവും നല്ല നടിയ്ക്ക്.അടൂര്‍ ഭവാനി ഏറ്റവും അവസാനം അഭിനയിച്ചത് കെ മധു സംവിധാനം ചെയ്ത 2004-ല്‍ പുറത്തിറങ്ങിയ സേതുരാമയ്യര്‍ സീ ബീ ഐ എന്ന ചിത്രത്തിലാണ്. 82-മത്തെ വയസ്സില്‍ അടൂര്‍ ഭവാനിയും അടൂരിന്റെ മണ്ണില്‍ തന്നെ എരിഞ്ഞടങ്ങി, നമ്മുടെ മനസ്സില്‍ ഒരിക്കലും മായാത്ത ഓര്‍മ്മകളും അവശേഷിപ്പിച്ചു കൊണ്ട്. അടൂരിന്റെ അഭിമാനം ആയിരുന്ന ആ കലാകാരിയുടെ അവസാന കാലഘട്ടം വളരെ ദുരിതം നിറഞ്ഞതായിരുന്നു.ചലച്ചിത്ര /നാടക ലോകത്തിനു വേണ്ടി തന്റെ ജന്മ൦ മുഴുവന്‍ തീറെഴുതി കൊടുത്ത ആ നടിയ്ക്ക് അര്‍ഹമായ ആദരവോ സാമ്പത്തിക സഹായമോ നല്‍കുന്നതില്‍ ചലച്ചിത്ര ലോകവും സര്‍ക്കാരും നീതി കാണിച്ചില്ല എന്നത് നമ്മെ വേദനിപ്പിക്കുന്നു.
അടൂര്‍ ഭവാനിയെക്കള്‍ രണ്ടു വയസ്സ് മൂപ്പുള്ള അടൂര്‍ പങ്കജവും നമ്മുടെ നാട്ടിന്റെ പ്രിയ പുത്രി ആണ്.1952-ല്‍ പുറത്തിറങ്ങിയ അച്ഛന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ് അടൂര്‍ പങ്കജം തന്റെ ചലച്ചിത്ര ജീവിതത്തിനു തുടക്കം കുറിക്കുന്നത്. സഹ നടിയും ഹാസ്യ ന്ടിയുമായി നിരവധി ചിത്രങ്ങളില്‍ അടൂര്‍ ഭവാനി നല്ല നടിയായി പേരെടുത്തു.ചെമ്മീന്‍ എന്ന നമ്മുടെ അഭിമാന ചിത്രത്തിലും നല്ല പെണ്ണ് എന്ന കഥാപാത്രമായി അടൂര്‍ പങ്കജം അഭിനയിച്ചു.ന്യൂസ് പേപ്പര്‍ ബോയ് എന്ന ചിത്രത്തിലും പ്രധാനപ്പെട്ട ഒരു കഥാപാത്രമായി അടൂര്‍ പങ്കജം അഭിനയിച്ചിരുന്നു. 4-൦ ക്ലാസ്സ് വരെ മാത്രം വിദ്യാഭ്യാസം ലഭിച്ച അടൂര്‍ പങ്കജം സംഗീതം അഭ്യസ്സിച്ചിട്ടുണ്ട് വളരെ ചെറിയ പ്രായത്തിലെ. കണ്ണൂര്‍ കേരള കല നിലയം എന്നാ നാടക ട്രൂപ്പിലൂടെയാണ് പങ്കജം തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞു സ്വന്തം നാടക ട്രൂപ്പ് ഉണ്ടാക്കി " അടൂര്‍ ജയാ തിയേറ്റര്‍ എന്ന പേരില്‍ സഹോദരി അടൂര്‍ ഭാവനിയുമായി ചേര്‍ന്ന്.പ്രസിദ്ധമായ കലാനിലയം നാടക ട്രൂപ്പിലെ ഒരു പ്രധാന നടി ആയിരുന്നു പങ്കജം.പിന്നീട് ചലച്ചിത്ര ലോകത്തേക്ക് കാല് വെച്ച്.400-ഓളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചു.ദിലീപിന്റെ കൂടെ അഭിനയിച്ച കുഞ്ഞിക്കൂനന്‍ ആയിരുന്നു അടൂര്‍ പങ്കജതിന്റെ അവസാനത്തെ ചിത്രം. നാടക ലോകത്തെ സമഗ്ര സംഭാവനക്ക് കേരള സംഗീത അക്കാദമിയുടെ 2008-ലെ അവാര്‍ഡ് ലഭിച്ചു.ശബരി മല അയ്യപന്‍ എന്ന ചിത്ര ത്തിലെ അഭിനയത്തിന് ഏറ്റവും നല്ല രണ്ടാമത്തെ നടിയ്ക്കുള്ള അവാര്‍ഡും പങ്കജത്തിനു ലഭിച്ചിരുന്നു. 2010-ല്‍ തന്റെ 85-മത്തെ വയസ്സില്‍ അടൂര്‍ പങ്കജം എന്ന നമ്മുടെ നാടിന്‍റെ അഭിമാനവും നാടക/ചലച്ചിത്ര ലോകത്തിനു തന്റെ ജീവിതം സമര്‍പ്പിച്ച ആ നല്ല കലാകാരിയും വിട പറഞ്ഞു.
ഇന്ന് ഞങ്ങളുടെ നാട് ദരിദ്രമാണ്, അറിയപ്പെടുന്ന സാംസ്‌കാരിക /കലാ /സാഹിത്യ രംഗങ്ങളില്‍ മുദ്ര പതിപ്പിച്ച വ്യക്തികളുടെ അഭാവത്തില്‍.അടൂര്‍ ഗോപാലകൃഷ്ണന്‍ ഇന്നും നമ്മുടെ നാടിന്‍റെ പേര് വഹിക്കുന്ന ഒരു ലോക പ്രശസ്തനായ ചലച്ചിത്രകാരന്‍ ആണ് എന്നുള്ളത് വിസ്മരിക്കുന്നില്ല. പിന്നെ ഈ നാടിന്‍റെ പേര് കൊണ്ട് നടക്കുന്ന ഒരു മന്ത്രിയും ഉണ്ട് ഇന്ന് നമുക്ക്.ആ മാന്യദേഹം ഇന്ന് അടൂരിനെക്കള്‍ സ്നേഹിക്കുന്നത് സ്വന്തം മണ്ഡലം അയ കോന്നിയെ ആണെന്നത് ഒരു രഹസ്യമല്ല. നമ്മുടെ അഭിമാന ഭാജനങ്ങള്‍ ആയിരുന്ന അടൂര്‍ ഭാസി, അടൂര്‍ ഭവാനി, അടൂര്‍ പങ്കജം തുടങ്ങിയ പ്രശസ്തര്‍ ആയ കലാകാരന്മാരെ/കലാകാരികളെ പോലെ മലയാള ചലച്ചിത്രത്തില്‍ "അടൂര്‍" എന്ന പേര് ഉയര്‍ത്തി പിടിക്കാന്‍ ഇനി ആരുണ്ടാവും നമ്മുടെ നാട്ടില്‍ നിന്നും ? കാത്തിരുന്ന് കാണാം.എന്റെ ഈ എഴുത്ത് മണ്‍മറഞ്ഞ ആ പ്രതിഭകള്‍ക്ക് മുന്‍പില്‍ സമര്‍പ്പിച്ചു കൊണ്ട് തല്‍ക്കാലം നിറുത്തട്ടെ !!!

Comments
Post a Comment